സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, 2050 ആകുന്നതോടെ ഇന്ത്യയിലെ ഏതാണ്ട് 40 ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലാണെന്ന് യു എൻ ഈ വര്‍ഷം അവതരിപ്പിച്ച പരിസ്ഥിതി റിപ്പോർട്ടില്‍ പറയുന്നു. കടലാക്രമണ സാധ്യത ഏറ്റവും കൂടുതല്‍ മുംബൈ, കൊൽക്കത്ത എന്നീ സ്ഥലങ്ങളിലാണ്. പരിധികളില്ലാതെ മുന്നേറുന്ന നഗരവല്‍ക്കരണമാണ് ഇത്തരമൊരു ഭീഷണിക്ക് കാരണമെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു.
ആഗോള പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലാവസ്ഥയിലുള്ള മാറ്റം വലിയ പ്രത്യാഘാതങ്ങളാണ് പസഫിക്, ദക്ഷിണ പസഫിക്ക് ദക്ഷിണ ഏഷ്യാ സമുദ്രങ്ങളില്‍ ഉണ്ടാക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൂടുതല്‍ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളെയാകും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൂടുതലായി ബാധിക്കുക. ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മിക്ക രാജ്യങ്ങളും ദക്ഷിണ ഏഷ്യാ മേഖലയിലാണെന്നത് ആശങ്കാജനകമാണ്. പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ 40 ദശലക്ഷം ആളുകള്‍ അപകട ഭീഷണി നേരിടുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ ഇത് 25 ദശലക്ഷമാണ്. ചൈനയില്‍ 20 ദശലക്ഷം ആളുകളും പിലിപ്പീന്‍സില്‍ 15 ദശലക്ഷം ആളുകളും ജീവിക്കുന്നത് കടലാക്രമണത്തിന് സാധ്യതയുള്ള പ്രദേശത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിവിധ പഠനങ്ങള്‍ പ്രകാരം നഗരവല്‍ക്കരണം, സാമ്പത്തിക വളര്‍ച്ച, ജീവിതക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നീ കാരണങ്ങള്‍ക്കൊണ്ടാണ് ഇന്ത്യ അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ പട്ടികയില്‍ ഒന്നാമതാക്കിയത്. കൂടിവരുന്ന നഗരവല്‍ക്കരണംകൊണ്ട് ഉണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും കഴിയുന്നില്ലാ എന്നും റിപ്പോര്‍ട്ട് പറയുന്നു.
2070ഓടെ തീരദേശങ്ങളില്‍ ഉണ്ടാകാന്‍പോകുന്ന വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയിലെ മുംബൈ, കൊൽക്കത്ത നഗരങ്ങളേയും ചൈനയിലെ ഗ്വംഗ്ഷൂ, ശ്യാംഘൈയേയും മ്യാന്മാറിലെ യങ്കോൺ എന്നീ നഗരങ്ങളെ ആയിരിക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യു എന്‍ നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അതൊന്നും മിക്ക രാജ്യങ്ങളും നടപ്പാക്കാറില്ല എന്നതാണ് സത്യം.