രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏത് സമയത്തും യുദ്ധത്തിന് തയ്യാറാകണമെന്ന് ഇന്ത്യയടക്കമുള്ള അയല്‍പക്കരാജ്യങ്ങള്‍ക്ക് ‘വ്യക്തമായ സൂചന’ നല്‍കണമെന്ന് ചൈനയോട് ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഭരണകക്ഷിയായ ‘ചൈനീസ് പാര്‍ട്ടി ഓഫ് ചൈന’യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഖ്വയ്‌ഷി ജേര്‍ണലി’ലാണ് സര്‍ക്കാരിനോട് പാര്‍ട്ടി ഇങ്ങിനെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ പക്ഷത്ത് നിര്‍ത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ‘സഹിക്കാവുന്നതിലും അപ്പുറ’മാണെന്നും ഖ്വയ്‌ഷി ജേര്‍ണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
“ഏഷ്യയില്‍ യുഎസ് സഖ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആക്രമണോത്സുക യുദ്ധതന്ത്രമാണ് പിന്തുടരേണ്ടത്. 1949 മുതലിങ്ങോട്ട് ചൈന സമാധനം നേടിയെടുത്തത് യുദ്ധത്തിലൂടെയാണ്. യുദ്ധം തുടങ്ങില്ലെന്ന അടിസ്ഥാന തത്വം പിന്തുടരുന്നതിനൊപ്പം ഏതുസമയവും തിരിച്ചടിക്ക് നാം സന്നദ്ധരാണെന്ന് വ്യക്തമായ സൂചന അയല്‍രാജ്യങ്ങള്‍ക്ക് നാം നല്‍കണം. ചൈന യുദ്ധത്തെ ഭയക്കുന്നില്ലെന്ന് അവര്‍ക്ക് മനസിലാകട്ടെ.”
“ഇന്ത്യ, ജപ്പാന്‍, വിയറ്റ്നാം, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ചൈനാ വിരുദ്ധ ഗ്രൂപ്പില്‍ ചേരാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചൈനയുടെ അയല്‍രാജ്യങ്ങളെ ചൈനാവിരുദ്ധ പ്രവര്‍ത്തനത്തിന് യുഎസ് നിര്‍ലജ്ജം പ്രേരിപ്പിക്കുന്നു. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. അയല്‍ രാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യമുറപ്പിക്കാന്‍ സാമ്പത്തിക, വാണിജ്യ മാര്‍ഗങ്ങള്‍ ചൈന ആയുധമാക്കേണ്ടതുണ്ട്.”
“രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏത് സമയത്തും യുദ്ധത്തിന് തയ്യാറാകണമെന്ന് ഇന്ത്യയടക്കമുള്ള അയല്‍പക്കരാജ്യങ്ങള്‍ക്ക് ‘വ്യക്തമായ സൂചന’ നല്‍കിയേ തീരൂ. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും” - ഖ്വയ്‌ഷി ജേര്‍ണലിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു.