ഹെഡ്‌ലി ഒന്നാമനാണ്, കുറ്റകൃത്യത്തില്‍!

ശനി, 16 ഫെബ്രുവരി 2013 (13:17 IST)
PRO
PRO
കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ ഹെഡ്‌ലി ഒന്നാമനാണെന്ന് അമേരിക്ക. നാല് വര്‍ഷത്തിനിടെ യു എസില്‍ അറസ്റ്റിലായ അഞ്ച് പ്രധാന കുറ്റവാളികളില്‍ പ്രധാനി മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ആണെന്ന് യു എസ് സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പദ്ധതികളുടെ ഉപദേശകന്‍ ജോണ്‍ ബ്രണ്ണന്‍. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ ഹെഡ്‌ലിയെ ജനുവരിയില്‍ ഷിക്കാഗോ കോടതി 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2009 ജനുവരിക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികളെ സംബന്ധിച്ച് ബ്രണ്ണന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് വിവരം ചൂണ്ടിക്കാട്ടുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ ഭീകരവാദികളെന്ന് സംശയിക്കുന്ന നിരവധി പേരെ യു.എസ് അറസ്റ്റ് ചെയ്യുകയും തടവിലിടുകയും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രണ്ണന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെഡ്‌ലിക്ക് പുറമെ മന്‍സൂര്‍ അര്‍ബാബ്സിയര്‍, നജീബുള്ള സസീ, ഫൈസല്‍ ഷഹസാദ്, ഉമര്‍ ഫാറൂഖ് അബ്ദുല്‍ മുത്തലബ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രധാനികള്‍.

അഹമ്മദ് ഗീലാനി, ജീസെ കുര്‍തീസ് മോര്‍ട്ടന്‍, മുഹമ്മദ് ഇബ്രാഹീം, ബെതിം കസിയു എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു എസ് പൗരന്‍ ആണെങ്കിലും അല്‍ക്വയ്ദയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അവരെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നവരായാണ് കാണുകയെന്നും ബ്രണ്ണന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക