സൈയുടെ ജെന്റില്‍മാനെ കൊറിയക്ക് വേണ്ട!

വെള്ളി, 19 ഏപ്രില്‍ 2013 (16:50 IST)
PRO
PRO
കൊറിയന്‍ സംഗീതത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ച പോപ്പ് ഗായകന്‍ സൈയുടെ(പിഎസ്‌വൈ) ജെന്റില്‍മാനെ കൊറിയ്ക്ക് വേണ്ട. ലോകമെങ്ങും ഏറ്റുപാടിയ ഗംഗ്നം സ്റ്റെലിനു ശേഷം സൈ പുറത്തിറക്കിയ ജെന്റില്‍മാന്‍ ഗാനം ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ദക്ഷിണ കൊറിയന്‍ ഔദ്യോഗിക ചാനലായ കൊറിയന്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റമാണ് (കെബിഎസ്) ഗാനം നിരോധിച്ചത്.

ജെന്റില്‍ മാനിലെ ട്രാഫിക് ഉപകരണം ചവിട്ടുന്ന സീനാണ് ദേശീയ ചാനലിനെ ചൊടിപ്പിച്ചത്. ഗാനത്തിലൂടെ പൊതുമുതലിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കാരണം. സംപ്രേഷണനിലവാരത്തിലും താഴെയാണ് ഗാനമെന്നു എല്ലാ തരം പ്രേക്ഷകരും കാണുന്ന ചാനലില്‍ ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

കെട്ടിലും മട്ടിലും ഗംഗ്നം സ്റ്റെലിനെ അനുസ്മരിപ്പിക്കുന്നുവെങ്കിലും പ്രമേയത്തിലും സംഗീതത്തിലും വ്യത്യസ്തമാണ് സൈയുടെ ജെന്റില്‍മാന്‍. ജന്റില്‍മാനായി എത്തുന്ന ഒരു മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളാണ് ഗാനത്തിന്‍റെ പ്രമേയം. ഏപ്രില്‍ പതിമൂന്നിന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനം ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

വെബ്ദുനിയ വായിക്കുക