വീട്ടുതടങ്കല്‍ നിയമങ്ങള്‍ ലംഘിച്ച കേസില്‍ മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നടത്തരുതെന്ന് പട്ടാള ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടത്തിയാല്‍ അത് സൂകി നിയമം ലംഘിച്ചതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിന്‍റെ മുഖപത്രമായ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മറിന്‍റെ എഡിറ്റോറിയലിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ സംബന്ധിച്ച് വിദേശ മാധ്യമങ്ങള്‍ ഊഹാപോഹം നടത്തുകയാണെന്ന് പത്രം ആരോപിച്ചു. പത്രത്തിന്‍റെ ഇന്‍റര്‍നെറ്റ് എഡിഷനില്‍ കോടതിയലക്‍ഷ്യം സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ കേസിനെ അപലപിക്കുന്നതില്‍ നിന്ന് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി രാഷ്ട്രീയ ലാഭം കൊയ്യുകയാണെന്ന് പത്രം ആരോപിക്കുന്നു.
സൂകിയുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പട്ടാള കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയായത്. സൂകിക്ക് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന. വീട്ടു തടങ്കലിലായിരിക്കെ ഒരു അമേരിക്കന്‍ സ്വദേശിയായ ജോണ്‍ വില്യം യെത്ത എന്നയാളെ രണ്ട് ദിവസം വീട്ടില്‍ താമസിപ്പിച്ചതിനാണ് സൂകിക്കെതിരെ കേസെടുത്തിരിക്കുന്നത്. മെയ് പതിനൊന്നിനായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്.
സൂകിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസമാദ്യം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. 2010ലെ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും സൂകിയെ തടവിലിടാനാണ് പട്ടാള ഭരണകൂടം ശ്രമിക്കുന്നത്.