അഫ്ഗാനിസ്ഥാനില്‍ സിഐഎ അംഗങ്ങളെ കൊല്ലപ്പെടുത്തിയ ചാവേര്‍ ബോംബര്‍ അബു മുലാല്‍ അല്‍-ബലാവി പാകിസ്ഥാനിലെ ഒരു ഉയര്‍ന്ന താലിബാന്‍ നേതാവിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഒരു പാക് ടെലിവിഷന്‍ സ്റ്റേഷന്‍ പുറത്തുവിട്ടു. യുഎസിന്‍റേയും ജോര്‍ദാനിന്‍റെയും ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ ഭീകരവാദികളുമായി പങ്കുവച്ചതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യ ടെലിവിഷന്‍ ചാനലായ എഎഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദുമായി ഇദ്ദേഹം ഇംഗ്ലീഷില്‍ നടത്തുന്ന സംഭാഷണം, പക്ഷേ വ്യക്തമല്ല. ഭീകരരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിനായി ജോര്‍ദാനിന്‍റെയും അമേരിക്കയുടെയും ഇന്‍റലിജന്‍സ് സംഘങ്ങള്‍ ഇയാള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ഇയാള്‍ ഈ വാഗ്ദാനം നിരസിച്ച് മുജാഹിദീനുകളുമായി ചേരുകയുമാണുണ്ടായതെന്നും എഎഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ പാക് താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്‌സൂദിന്‍റെ മരണത്തിന് പകരം ചോദിക്കുമെന്ന് ഇയാള്‍ പ്രതിജ്ഞ ചെയ്യുന്ന ദൃശ്യം അല്‍ജസീറ ടിവി പുറത്തുവിട്ടു. വീഡിയോ ഫൂട്ടേജ് ആധികാരികമാണെങ്കില്‍ അമേരിക്കയുടെയും പശ്ചിമേഷ്യയിലെ അതിന്‍റെ മുഖ്യ സഖ്യരാഷ്ട്രമായ ജോര്‍ദാനിന്‍റെയും വളരെ വലിയ ഇന്‍റലിജന്‍സ് പരാജയത്തിലേക്കായിരിക്കും ഇത് വെളിച്ചം വീശുക. താലിബാനെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ യുഎസ് സമ്മര്‍ദ്ദം നേരിടുന്ന പാകിസ്ഥാനും ഇത് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.