സിറിയയില്‍ വീണ്ടും കൂട്ടക്കൊല; 200 ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

തിങ്കള്‍, 27 ഓഗസ്റ്റ് 2012 (12:10 IST)
PRO
PRO
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള ദരായ്യ നഗരത്തില്‍ നിന്ന് 200ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് കൂട്ടക്കൊല നടത്തിയതെന്ന് വിമതര്‍ ആരോപിച്ചു.

വധശിക്ഷ നടപ്പാക്കും വിധമായിരുന്നു ഒട്ടേറെപ്പേരെ സൈന്യം കൊലപ്പെടുത്തിയതെന്നും, വീടുകള്‍ കയറിനടത്തിയ പരിശോധനയില്‍ വിമതരെ തിരഞ്ഞുപിടിച്ച് വെടിവെച്ചും തലയ്ക്ക് മുറിവേല്‍പ്പിച്ചുമാണ് കൊന്നതെന്നും വിമതര്‍ ആരോപിച്ചു. പ്രതിപക്ഷം ആരോപിച്ചത് സത്യമാണെങ്കില്‍ പൈശാചികതയുടെ പുതിയൊരു മാതൃകയാണിതെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 300ലേറേപ്പേര്‍ ദമാസ്‌കസിലും ദരായ്യയിലുമായി ഞായറാഴ്ച കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി അലിസ്റ്റര്‍ ബര്‍ട്ട് അറിയിച്ചു. സിറിയയിലാകമാനം 400ലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിലാണ് 320 പേര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

പ്രസിഡന്റ് അസദിനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷമാണ് സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക