വീടുകളില്‍ പട്ടികളെ വളര്‍ത്തുന്നവരുടെ ശ്രദ്ധക്ക്... എത്രയും പെട്ടെന്ന് ലൈസന്‍സ് എടുത്തോളൂ; ഇല്ലെങ്കില്‍ ഏതു നിമിഷവും പിടി വീഴാം!

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (14:46 IST)
വീടുകളില്‍ പട്ടിയെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ദുബായ് ആഭ്യന്തര മന്ത്രാലയമാണ് ഈ പുതിയ നിയമം പ്രാഭല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ലൈസന്‍സ് എടുക്കാതെ പട്ടിയെ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരില്‍ നിന്ന് 10,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെ പിഴയായി ഈടാക്കുമെന്നും ഇതിനു പുറമേ ആറ് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമത്തില്‍ പറയുന്നു.
 
ഇന്നലെ നടന്ന എഫ്എന്‍സി അംഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നതിന് പുറമേ മികച്ച ഇനത്തില്‍പ്പെട്ട പട്ടികളെ വില്‍പ്പന നടത്തുന്നതിനും ഇതോടെ ലൈസന്‍സ് അനിവാര്യമാണ്. കൂടാതെ വ്യക്തികള്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബിയിലെ ആസ്ഥാനത്തുനടന്ന യോഗത്തില്‍ എഫ്എന്‍സി കമ്മറ്റി അംഗങ്ങളാണ് ദുബായ് നിവാസികള്‍ പട്ടികളെയും വന്യമൃഗങ്ങളെയും വളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ദുബായ് തയ്യാറായത്. 
 
വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം മൂലം ആരെങ്കിലും മരണമടഞ്ഞാല്‍ ഉടമക്ക് ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകളായിരിക്കും ലഭിക്കുക. അതുപോലെ മറ്റൊരാളെ മൃഗങ്ങള്‍ ആക്രമിക്കുന്നതും കുറ്റകരമാണ്. ഇതിനുള്ള നിയമനടപടികളും ഉടമ നേരിടേണ്ടി വരുമെന്നും നിയമത്തില്‍ പറയുന്നു. മൃഗങ്ങളെ ഉപയോഗിച്ചു കൊണ്ട് വ്യക്തികളെ ഭീഷണിപ്പെടുത്തുന്ന കുറ്റത്തിന് 700,000 ദിര്‍ഹം പിഴയോ തടവോ ആയിരിക്കും ശിക്ഷ. 
 
മൃഗശാല, വൈല്‍ഡ്‌ലൈഫ് പാര്‍ക്കുകള്‍, സര്‍ക്കസ്, റിസര്‍ച്ച് സെന്ററുകള്‍ എന്നിവിടങ്ങളില്‍ മാത്രമേ വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള അനുമതി നല്‍കൂ. അല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സിംഹം, പെരുമ്പാമ്പ് എന്നിവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ വനത്തിലേക്കോ സംരക്ഷിത പ്രദേശങ്ങളിലേക്കോ തിരിച്ചയ്ക്കണമെന്നും എഫ്എന്‍സി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article