യുഎസ് പ്രസിഡന്റ് ഡൊണാള്ഡ്ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്വിസ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വീണ്ടും യു.എസ് അപ്പീൽ കോടതി വിലക്കി. ട്രംപിന്റെ ഉത്തരവ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്. യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഫെഡറൽ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നൽകിയ ഹര്‍ജിയിലാണ് നടപടി.
മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഏകകണ്ഠ തീരുമാനമെടുത്തത്. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത് പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം, രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്കാരം വരുത്താൻ സർക്കാറിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ട്രംപിന്റെ ഉത്തരവിലെ ചില നിർദേശങ്ങൾ തടഞ്ഞുകൊണ്ട് കഴിഞ്ഞ മാർച്ചിൽ ഹവായിലെ ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ട്രംപിന്റെ ഈ ഉത്തരവിനെതിരെ നിരവധി കോടതികളിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പലതവണ ഉത്തരവിനെതിരെ കോടതികളിൽനിന്ന് രൂക്ഷമായ പരാമർശങ്ങളുണ്ടായിട്ടുണ്ട്. വെർജീനിയയിലെ നാലാം സർക്യൂട്ട് അപ്പീൽ കോടതി ഈയിടെ ട്രംപിന്റെ ഉത്തരവ് തടഞ്ഞ മേരിലാൻഡ്കോടതിവിധി ശരിവെക്കുകയും ചെയ്തിരുന്നു.