വിറ്റ്നി ഹൂസ്റ്റന്‍ ബാത്ത്‌ടബ്ബില്‍ മുങ്ങിമരിച്ചു?

ബുധന്‍, 15 ഫെബ്രുവരി 2012 (15:03 IST)
പോപ് ഗായികയും നടിയുമായ വിറ്റ്നി ഹൂസ്റ്റന്‍ (48) ബാത്ത്‌ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. ഹൂസ്റ്റന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മരണകാരണം സംബന്ധിച്ച അന്തിമമായ റിപ്പോര്‍ട്ട് ആഴ്ചകള്‍ക്ക് ശേഷം മാത്രമേ പുറത്തുവരികയുള്ളൂ. മരണം കൊലപാ‍തകമാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

ലഹരിമരുന്നിന് അടിമയായിരുന്നു ഹൂസ്റ്റന്‍. ലഹരിമരുന്ന് അമിതമായി കഴിച്ച് അവര്‍ അബോധാവസ്ഥയിലായി ബാത്ത് ടബ്ബില്‍ വീണതാവാം എന്നാണ് സംശയം. ശ്വാസകോശത്തില്‍ വെള്ളം കയറിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ബവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയുടെ കുളിമുറിയിലാണ് ഹൂസ്റ്റന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഈ ആഴ്ച അവസാനം ന്യൂജേഴ്സിയില്‍ സംസ്കാരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ന്യൂജഴ്സിയില്‍ സുവിശേഷഗായകന്റെ മകളായി വിറ്റ്നി ജനിച്ചത് 1963 ആഗസ്ത് ഒമ്പതിനാണ്. പതിനാലാം വയസില്‍ പ്രൊഫഷണല്‍ ഗായികയായി. 1980-ന്റെ മധ്യത്തിലും തൊണ്ണൂറുകളിലും സംഗീത ലോകത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു വിറ്റ്നി. "ഐ വില്‍ ഓള്‍വെയ്സ് ലവ് യൂ" എന്നിവയടക്കമുള്ള സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഇവര്‍ ലോകപ്രശസ്തയായി. ആറു ഗ്രാമിയും രണ്ട് എമ്മിയും അടക്കം 415 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വിറ്റ്നി ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ബോബി ബ്രൗണ്‍ ആയിരുന്നു ഭര്‍ത്താവ്. 2007-ലാണ് ഇരുവരും പിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക