വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനാണ് പാകിസ്ഥാന്‍കാരനായ ഉമര്‍ ദറാസ്. എന്നാല്‍ ആരാധന കുറച്ച് കൂടിപ്പോഴെന്ന് ഉമറിനു തന്നെ ഇപ്പൊ തോന്നിക്കാണും.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കോഹ്‌ലിയുടെ പ്രകടനം കണ്ട ആവേശത്തില്‍ ഉമര്‍ വീടിന് മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക സ്ഥാപിച്ചു. ഇതിനെതിരെ പ്രദേശവാസി കൊടുത്ത പരാതിയില്‍ ഉമറിനെ ജയിലില്‍ അടയ്ക്കാന് തീരുമാനിച്ചിരിക്കുകയാണ് പാക് കോടതി.
ദേശവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 123എ വകുപ്പ് പ്രകാരം കഴിഞ്ഞ ജനുവരി 25ന് ഉമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ കോടതി ജഡ്ജി അനിക് അന്‍വര്‍ തള്ളി. കോടതിയുടെ വിധി വേദനാജനകമാണെന്ന് ഉമറിന്റെ വക്കീല്‍ ആമിര്‍ ഭട്ടി പറഞ്ഞു. ലോകകപ്പ് ഫുട്ബോള് നടക്കുമ്പോള്‍ പാകിസ്താനില് തന്റെ വീടിന് മുകളിലും തെരുവുകളിലും ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ ടീമുകളുടെ പതാകകള്‍ സ്ഥാപിക്കാറുണ്ട്. അതിന് സമാനമായ കാര്യം മാത്രമേ ഉമറും ചെയ്തുള്ളുവെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ ഉമറിന് എതിരായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
ഉമര്‍ ദറാസിന്റെ പ്രായം പോലും കണക്കിലെടുക്കാതെ പാകിസ്താന് സ്വീകരിച്ച നിലപാടിനെതിരെ നിരവധി പേര് വിമര്ശനവുമായി രംഗത്തെത്തി. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉമറിന് മേല്‍ ചുമത്തിയിരിക്കുന്നത്.