വത്തിക്കാനിലെ അംബാസഡറെ ഈജിപ്ത് തിരിച്ചുവിളിച്ചു

Webdunia
വ്യാഴം, 13 ജനുവരി 2011 (16:40 IST)
വത്തിക്കാനിലെ തങ്ങളുടെ അംബാസഡറെ ഈജിപ്ത് തിരിച്ചുവിളിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പരാമര്‍ശം അസ്വീകാര്യമെന്നു പ്രഖ്യാപിച്ചുകൊണ്ട് ആണ് ഈജിപ്ത് തങ്ങളുടെ അംബാസഡറെ തിരികെ വിളിച്ചത്. ഈ‍ജിപ്‌തിന്‍റെ ആഭ്യന്തര കാര്യങ്ങളിന്മേല്‍ അസ്വീകാര്യമായ ഇടപെടലാണ് വത്തിക്കാന്‍ നടത്തിയതെന്ന് ഈജിപ്തിന്‍റെ വിദേശകാര്യ വക്‌താവ്‌ പറഞ്ഞു.

വത്തിക്കാനിലെ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്യവേ ക്രൈസ്‌തവര്‍ക്ക്‌ അക്രമവും വിവേചനവും നേരിടാനിടയാവാതെ അവരുടെ വിശ്വാസം പുലര്‍ത്താന്‍ ഈ‍ജിപ്‌ത്‌ ഗവണ്‍മെന്‍റ് സംരക്ഷണം ഉറപ്പുവരുത്തണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. മാര്‍പാപ്പയുടെ ഈ പരാമര്‍ശമാണ് ഈജിപ്തിനെ ചൊടിപ്പിച്ചത്.

ഈ‍ജിപ്‌ത്‌, ഇറാഖ്‌, നൈജീരിയ എന്നിവിടങ്ങളില്‍ ക്രൈസ്‌തവര്‍ക്കു നേരെ ഈ‍യിടെ നടന്ന ആക്രമണങ്ങളെയും മാര്‍പാപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ‍ജിപ്‌തില്‍ അലക്സാന്‍ഡ്രിയയിലെ പള്ളിയില്‍ പുതുവല്‍സര ശുശ്രൂഷയ്ക്കിടെ ഉണ്ടായ ബോംബ് ആക്രമണത്തില്‍ 21 പേരായിരുന്നു കൊല്ലപ്പെട്ടത്‌.