ലിബിയയില്‍ വ്യോമാക്രമണം; 48 മരണം!

ഞായര്‍, 20 മാര്‍ച്ച് 2011 (12:43 IST)
PRO
PRO
ജനാധിപത്യ സമരക്കാര്‍ക്കെതിരെ ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ സേന നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ അവഗണിച്ച് തുടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങള്‍ ലിബിയന്‍ തീരങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമാക്കി. സമുദ്ര-വ്യോമ മാര്‍ഗ്ഗങ്ങളിലൂടെയാണ് ലിബിയന്‍ സൈന്യത്തിനെതിരായ ആക്രമണം നടക്കുന്നത്. യുദ്ധവിമാനങ്ങളും മിസ്സൈലുകളും ഉപയോഗിച്ച് നടത്തുന്ന ആ‍ക്രമണം 48-ലധികം പേരുടെ മരണത്തിന് കാരണമായതായി ലിബിയന്‍ ഔദ്യോഗിക ചാനല്‍ ആരോപിച്ചു. ഇതില്‍ സാധാരണക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ചാനല്‍ വ്യക്തമാക്കിയില്ല. അതേസമയം ഞായറാഴ്ച രാവിലെ പുതിയ പ്രക്ഷോഭങ്ങള്‍ ട്രിപ്പോളിയില്‍ ഉരുത്തിരിഞ്ഞു വരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇറാഖില്‍ 2003-ല്‍ നടന്ന ആക്രമണത്തിനു ശേഷം അറബ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സംഘടിത പടിഞ്ഞാറന്‍ അധിനിവേശമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അമേരിക്കന്‍ സൈന്യത്തിനൊപ്പം ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാഷ്ട്രങ്ങളും ചേര്‍ന്നാണ് ‘ഒഡീസ്സി ഉദയം’ എന്ന് പേരിട്ട സൈനിക മുന്നേറ്റത്തില്‍ പങ്കെടുക്കുന്നത്.
പാശ്ചാത്യ ശക്തികള്‍ ചേര്‍ന്ന് നടത്തുന്ന ആക്രമണത്തെ ‘കൊളോണിയല്‍ കുരിശുയുദ്ധ’മെന്നാണ് മുഅമര്‍ ഗദ്ദാഫി വിശേഷിപ്പിക്കുന്നത്.

ലിബിയന്‍ ജനതതി തങ്ങള്‍ക്കെതിരായ കുരിശുയുദ്ധത്തിനെതിരെ എല്ലാ സന്നാഹങ്ങളുമായി രംഗത്ത് വരണമെന്ന് ഔദ്യോഗിക ചാനല്‍ വഴി ഗദ്ദാഫി നടത്തിയ ആഹ്വാനത്തില്‍ പറഞ്ഞു. അതേസമയം പാശ്ചാത്യ ശക്തികളുടെ സംയുക്ത നീക്കത്തെ അപലപിച്ചുകൊണ്ട് റഷ്യ രംഗത്ത് വന്നു. ലിബിയക്കെതിരായി സൈനിക നീക്കം നടത്തണമെന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ എതിര്‍ത്ത് രംഗത്ത് വരികയും പിന്നീട് വഴങ്ങുകയും ചെയ്ത ചൈനയും തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതാണ്ട് 110 മിസ്സൈലുകള്‍ ഇതിനിടയില്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗദ്ദാഫിക്കെതിരായ ആക്രമണം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ചൈന ആശങ്ക പ്രകടിപ്പിച്ചു. ഏതാണ്ട് 25 സഖ്യ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്. കേണല്‍ ഗദ്ദാഫിയാണ് തങ്ങളുടെ ഇടപെടലിന് കളമൊരുക്കിയതെന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിറ് കാമറൂണ്‍ പറഞ്ഞു.

ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ എല്ലാ സന്നാഹങ്ങളെയും രംഗത്തിറക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാ‍സ് സര്‍ക്കോസി വ്യക്തമാക്കി. അതേസമയം പാശ്ചാത്യ ഇടപെടല്‍ ലിബിയയെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിടുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. പ്രത്യേകിച്ചൊരു ആശയത്തിന്‍റെയോ നേതൃത്വത്തിന്‍റെയോ പിന്തുണയില്ലാത്ത ജനസഞ്ചയത്തിന് വഴിമുട്ടുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ പാശ്ചാത്യ സൈനിക ഇടപെടല്‍ ഗദ്ദാഫിയുടെ സ്വേച്ഛാഭരണത്തെ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയാണ് വലിയ വിഭാഗം നാട്ടുകാര്‍ക്കുള്ളത്. മറ്റ് വരും വരായ്കകള്‍ക്ക് വലിയ സ്ഥാനം അവര്‍ നല്‍കുന്നില്ല. പാശ്ചാത്യ സൈനിക നീക്കത്തില്‍ ഗദ്ദാഫി അടിയറവ് പറഞ്ഞാല്‍ പ്രക്ഷോഭം നടക്കുന്ന മറ്റ് ഗള്‍‌ഫ് രാജ്യങ്ങളെയും ഈ സേന കൈവച്ചേക്കും എന്ന അഭിപ്രായം പരക്കെ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക