തിബത്തുകാരുടെ ആത്മീയ നേതാവ് ദലായ് ലാമയുടെ പ്രതിനിധികളുമായി അടുത്ത മാസം പുതുതായി ചര്‍ച്ച ആരംഭിക്കാന്‍ ചൈന തയ്യാറാവുന്നു.
ദലായ് ലാമ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുനതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു. ജൂലൈ ആദ്യം ചര്‍ച്ച നടക്കുമെന്നാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചര്‍ച്ച നടക്കുന്ന സ്ഥലമോ തീയതിയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ദലായ്‌ലാമയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി തങ്ങളുടെ വാതില്‍ ഏപ്പോഴും തുറന്നിരിക്കും എന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ചൈനീസ് വക്താവ് പറഞ്ഞു. ദലായ് ലാമ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത റൌണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധര്‍മ്മസ്ഥലയിലെ ദലായ് ലാമയുടെ വക്താവ് ഥുംപ്റ്റെന്‍ സംഭാല്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ധര്‍മ്മസ്ഥലയിലെ ഓഫീസ് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ടിബറ്റില്‍ മാര്‍ച്ച് മാസം ഉണ്ടായ അക്രമത്തിനും ലഹളയ്ക്കും സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ സ്വീകരിച്ചതായി ലാമയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ചൈനയിലെ ഓഗസ്റ്റ് 8 ന് നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ് ചൈന ഇത്തരം നടപടിയുമായി മുന്നോട്ട് പോകാന്‍ ആരംഭിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.