ലോക ഭീകരന്‍ ബിന്‍ ലാദന്‍റെ ഓര്‍മ്മ പോലും അവശേഷിക്കരുതെന്ന നിശ്ചയത്തിലാണ് പാകിസ്ഥാന്‍. ലാദന്‍ തന്‍റെ അവസാനകാലത്ത് ജീവിച്ച അബോത്താബാദിലെ വീട് റോക്കറ്റ് ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം നിന്ന ഭാഗം തറനിരപ്പാക്കി മാറ്റുമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക് അറിയിച്ചു.
“ശത്രുവിന്‍റെ കോട്ട എന്നപോലെ ഞങ്ങള്‍ ആ വീട് ആക്രമിക്കും. അതിന് മുമ്പ് ലാദന്‍റേതായി അവശേഷിക്കുന്ന എല്ലാം നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുനീക്കണം” - റഹ്‌മാന്‍ മാലിക് പറഞ്ഞു. ഫെബ്രുവരിയില്‍ ലാദന്‍റെ വീട് തകര്‍ക്കാനാണ് പരിപാടിയെന്നറിയുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖരെ ‘വീടുതകര്‍ക്കല്‍ ചടങ്ങി’ല്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അതര്‍ അബ്ബാസ് പറഞ്ഞു. “അതൊരു വലിയ ആഘോഷമായിരിക്കും” - അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെയാണ് അബോത്താബാദ്. ലാദനെ തങ്ങളുടെ തലസ്ഥാനത്തിന് സമീപത്തുനിന്ന് അമേരിക്ക കണ്ടെത്തി കൊലപ്പെടുത്തിയത് പാകിസ്ഥാന് വലിയ നാണക്കേടായി മാറിയിരുന്നു. അതിനുള്ള പരിഹാരമെന്നോണമാണ് ഇപ്പോള്‍ ലാദന്‍റെ വീട് തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നത്.