ലഷ്കര്‍ ലക്‍ഷ്യമിട്ടത് 320 കേന്ദ്രങ്ങള്‍

വെള്ളി, 20 ഫെബ്രുവരി 2009 (19:08 IST)
മുംബൈയ്ക്കൊപ്പം ലോകത്തെ 320 കേന്ദ്രങ്ങളില്‍ കമാന്‍ഡോ മോഡല്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഷ്കറിന്‍റെ ആശയവിനിമയ വിഭാഗം മേധാവി സരര്‍ ഷായുടെ കമ്പ്യൂട്ടറുകളും ഇ മെയിലുകളും പരിശോധിച്ച പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്ഥലങ്ങളുടെ പട്ടിക പരിശോധനയില്‍ നിന്ന് ലഭിച്ചതായിട്ടാണ് വിവരം. മുംബൈ ഉള്‍പ്പടെ ഇന്ത്യയിലെ 20 സ്ഥലങ്ങള്‍ പട്ടികയില്‍ ഉണ്ടായിരുന്നു. നിരവധി സ്ഥലങ്ങളില്‍ തീവ്രവാ‍ദ സെല്ലുകള്‍ ആരംഭിക്കാന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഷ്കറിന്‍റെ പദ്ധതിയുടെ വിശദവിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. മുംബൈ സംഭവത്തിന്‍റെ മുഖ്യ ആസൂ‍ത്രകരെന്ന് സംശയിക്കുന്ന സരര്‍ ഷായും ലഷ്കര്‍ നേതാവ് സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയും പാകിസ്ഥാനില്‍ പോലീസ് കസ്റ്റഡിയിലാണിപ്പോള്‍.

അതിനിടെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് സ്പെയിനില്‍ നിന്നും ഒരു ഇന്ത്യാക്കാരനെയും പതിനൊന്ന് പാകിസ്ഥാനികളെയും പിടികൂടിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഖ്വൈദ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ക്കാവശ്യമായ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും ഉണ്ടാക്കിക്കൊടുത്തിരുന്നവരാണ് ഇവരെന്ന് സൂചനയുണ്ട്. മുംബൈ ആക്രമണത്തിന്‍റെ ഭാഗിക ഗൂഢാലോചന സ്പെയിനില്‍ നടന്നതായി ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ പരാമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക