ശ്രീലങ്കയില്‍ സൈന്യവും പുലികളും നടത്തിയ ഷെല്ലാക്രമണത്തില്‍ 54 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ആരോഗ്യവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ 165 പേരെ താല്‍ക്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ട് ലങ്കന്‍ ഹെലികോപ്ടറുകള്‍ക്കു നേരെ എല്‍ടിടിഇ ബുധനാഴ്ച മിസൈലാക്രമണം നടത്തി. ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു എല്‍ടിടിഇയുടെ പ്രത്യാക്രമണം.
എല്‍ടിടിഇ രഹസ്യാന്വേഷണ മേധാവി പൊട്ടു അമ്മന്‍റെ ഒളിത്താവളം ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം സൈന്യം അവകാശപ്പെട്ടിരുന്നു. മുല്ലത്തീവിന്‍റെ വടക്ക്-കിഴക്കന്‍ ഭാഗത്തുള്ള ഇരണപാലൈയിലുള്ള ഒളിത്താവളമാണ് സൈന്യം പിടിച്ചത്. പൊട്ടു അമ്മനൊപ്പം മറ്റൊരു പുലിനേതാവ് കപില്‍ അമ്മനും താവളം ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
മുല്ലത്തീവില്‍ വളരെ കുറച്ചു പ്രദേശത്തു മാത്രമാണ് ഇപ്പോള്‍ പുലികള്‍ക്ക് സ്വാധീനമുള്ളതെന്ന് സൈന്യം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.