റഷ്യ പുതിയ സൈനിക ഉപഗ്രഹം വിക്ഷേപിച്ചു. കസാഖ്സ്ഥാനിലെ ബെയ്ക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നുതന്നെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തും. പ്രോട്ടോണ്‍ എം റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. പ്രാദേശിക സമയം 3.18 നായിരുന്നു വിക്ഷേപണം. ഭൂതല പരിശോധന സാധ്യമാകുന്നതും മിസൈല്‍ ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ളതുമായ എഴുപതോളം സൈനിക ഉപഗ്രഹങ്ങളുടെ ശൃംഖല ഇപ്പോള്‍ റഷ്യ നിയന്ത്രിക്കുന്നുണ്ട്.
എന്തെങ്കിലും പ്രത്യേക ദൌത്യവുമായാണോ ഉപഗ്രഹത്തിന്‍റെ വിക്ഷേപണമെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അംഗാറ ക്ലാസ് കരിയര്‍ റോക്കറ്റുകള്‍ സൈനിക ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി ഉപയോഗപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ സൈനിക ബഹിരാകാശ ദൌത്യസംഘം കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഒലേഗ് ഒസ്റ്റാപെന്‍കോ വ്യക്തമാക്കിയിരുന്നു.
2 മുതല്‍ 24.5 മെട്രിക് ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് അംഗാറ ക്ലാസ് റോക്കറ്റുകള്‍. ഇതിന് പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കുറവാണെന്ന് റോക്കറ്റ് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നുണ്ട്.