റഷ്യയില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ സ്ഫോടനം; 18 മരണം
തിങ്കള്‍, 30 ഡിസംബര്‍ 2013 (09:12 IST)
PRO
റഷ്യയില്‍ റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ്‌സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു ആക്രമണം.
സ്ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രധാന കവാടത്തിന് സമീപം ലോഹനിര്‍ണയ ഉപകരണം ഉപയോഗിച്ച് പരിശോധന നടക്കുന്നതിന് തൊട്ടടുത്താണ് സ്‌ഫോടനമുണ്ടായത്. ഇസ്‌ലാമിക ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് റഷ്യന്‍ ഭരണകൂടം പറയുന്നത്. ഫെബ്രവരി ഏഴിന് ശീതകാല ഒളിമ്പിക്‌സ് തുടങ്ങാനിരിക്കുന്ന സോച്ചിക്ക് സമീപമുള്ള പ്രധാന നഗരങ്ങളിലൊന്നാണ് വോള്‍ഗോഗ്രാഡ്.
മൂന്ന് ദിവസത്തിനിടെ തെക്കന്‍ റഷ്യയിലുണ്ടാകുന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്. വെള്ളിയാഴ്ച പ്യാറ്റിഗോര്‍സ്‌ക് മേഖലയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതും സോച്ചിക്ക് തൊട്ടടുത്തുള്ള നഗരമാണ്.
റഷ്യന്‍ ഫെഡറേഷന്റെ കീഴിലുള്ള വടക്കന്‍ കക്കോസാക്ക് മേഖലയില്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിന്റെ ഭരണത്തിനെതിരെ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ശീതകാല ഒളിമ്പിക്‌സ് തടയാനും ഇവിടെ നിര്‍ണായക സ്വാധീനമുള്ള ഇസ്‌ലാമിക ഭീകരര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.