റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവ് നൃത്തം ചെയ്യുന്നത് ഇന്‍റര്‍നെറ്റില്‍ ഓളം സൃഷ്ടിക്കുകയാണ്. മെദ്‌വദേവ് ആടി കസറുന്നത് ഈ ആഴ്ച മാത്രം പത്തു ലക്ഷത്തിലേറെപ്പേര്‍ യൂട്യൂബില്‍ കണ്ടതായാണ് വിലയിരുത്തല്‍.
റഷ്യയിലെ കോമ്പിനാസ്റ്റിയ പോപ്പ് ട്രൂപ്പ് അമേരിക്കന്‍ ബോയ് എന്ന അടിപൊളി ഗാനം പാടിയപ്പോള്‍ പ്രസിഡന്‍റ് പിന്നെ ഒന്നും നോക്കാന്‍ പോയില്ല, ആടിത്തിമര്‍ത്തു. ഏപ്രില്‍ 19നാണ് ക്രംലിന്‍ ലിവിയ എന്നയാള്‍ യൂട്യൂബില്‍ ഇതിന്‍റെ വീഡിയോ അപ്‌ലോഡ് ചെയ്തത്. റഷ്യയിലെ ടിവി ചാനലുകള്‍ കൂടി ഈ വീഡിയോ സംപ്രേക്ഷണം ചെയ്തതോടെ മെദ്‌വദേവിന്റെ ഡാന്‍സ് ചൂടപ്പം പോലെയാണ് ഇന്‍റര്‍നെറ്റില്‍ ചെലവായത്.
മെദ്‌വദേവ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാനും മറന്നിട്ടില്ല. സഹപാഠികളുടെ ഒത്തുചേരല്‍ പാര്‍ട്ടിക്കിടെയാണ് താന്‍ ആടിയതെന്നാണ് പ്രസിഡന്‍റ് ട്വിറ്ററിലൂടെ നല്‍കിയ വിശദീകരണം. ഇത് രണ്ടാം തവണയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ നൃത്ത ചുവടുകള്‍ കൊണ്ട് രസിപ്പിക്കാന്‍ മെദ്‌വദേവ് എത്തുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു യുവജന ക്യാമ്പിനിടെ മെദ്‌വദേവ് നൃത്തം ചെയ്തത് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചീരുന്നു.
ചെക്ക് പ്രസിഡന്‍റ് വാക്ലാവ് ക്ലോസ് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ ഒരു പേന അടിച്ചുമാറ്റുന്നതായിരുന്നു കഴിഞ്ഞയാഴ്ച ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ ഹരം കൊള്ളിച്ചത്. ലക്ഷക്കണക്കിന് ഹിറ്റുകളാണ് ഇതിന്‍റെ വീഡിയോയ്ക്ക് കഴിഞ്ഞ വാരം ലഭിച്ചത്.