യു എസില്‍ 11 വയസ്സുകാര്‍ക്ക് കോണ്ടം സൌജന്യം!

വെള്ളി, 15 ഏപ്രില്‍ 2011 (10:54 IST)
PRO
യുഎസിലെ ഫിലാഡല്‍ഫിയ നഗരത്തില്‍ 11 വയസ്സുള്ള കുട്ടികള്‍ക്ക് സൌജന്യമായി കോണ്ടം എത്തിച്ചുകൊടുക്കുന്നു! നഗരത്തിലെ 37 ശതമാനം കുട്ടികളും സെക്സില്‍ ഏര്‍പ്പെടുന്നവരായത് കാരണം ലൈംഗിക രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍‌കരുതല്‍ എന്ന നിലയിലാണ് ഈ നടപടി. കോണ്ടം ആവശ്യപ്പെട്ട് ഇ-മെയില്‍ ചെയ്യുന്ന കുട്ടികള്‍ക്ക് കോണ്ടം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

സൌജന്യ കോണ്ടം ലഭിക്കുന്ന ഇടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കുട്ടികള്‍ക്ക് മടിയുണ്ടാകുമെന്നതിനാലാണ് മെയില്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോധവല്‍ക്കരണത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റില്‍ പെണ്‍കുട്ടികള്‍ ‘ഫീമെയില്‍ കോണ്ടം’ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വിവിധ ‘പൊസിഷനു’കളെ കുറിച്ചുള്ള വിവരണവും നല്‍കുന്നുണ്ട്.

11 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് സൌജന്യ കോണ്ടം പദ്ധതി ഒരുക്കിയിരിക്കുന്നത്. നഗരത്തിലെത്തുന്ന സന്ദര്‍ശകരും ബന്ധപ്പെടുന്ന എല്ലാ തവണയും കോണ്ടം ഉപയോഗിക്കണം എന്ന് വെബ്സൈറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഫിലാഡല്‍ഫിയയില്‍ ലൈംഗിക രോഗങ്ങള്‍ കൂടുതലായി പടര്‍ന്നു പിടിക്കുന്നതാണ് അധികൃതരെ കുഴക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൌമാരക്കാര്‍ കോണ്ടം ഉപയോഗിക്കാറില്ല എന്നതും അധികൃതരെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക