അമേരിക്കയുമായുള്ള സൈനിക സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ചൈന അറിയിച്ചു. തായ്‌വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്സിന്‍ഹുവ ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലേക്ക് ചൈനീസ് സൈനിക നേതൃത്വം നടത്താനിരുന്ന സന്ദര്‍ശനവും വേണ്ടെന്ന് വെച്ചിട്ടുണ്ട്. 6.4 ബില്യന്‍ യുഎസ് ഡോളറിന്‍റെ ആയുധ ഇടപാടാണ് തായ്‌വാനുമായി അമേരിക്ക നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇടപാട് ചൈനയും അമേരിക്കയുമായുള്ള സൈനിക സഹകരണത്തെ മോശമായി ബാധിക്കുമെന്ന് ബീജിംഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചും ഇടപാടുമായി യുഎസ് മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം ആയുധ ഇടപാടിന്‍റെ വിശദാംശങ്ങള്‍ പെന്‍റഗന്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. തായ്‌വാന് മേലുള്ള അവകാശം ആവര്‍ത്തിച്ചുകൊണ്ടിരിക്കെയുള്ള അമേരിക്കയുടെ നടപടിയാണ് ബീജിംഗിനെ ചൊടിപ്പിച്ചത്.
60 ബ്ലാക്ക് ഹാക്ക് ഹെലികോപ്ടറുകളും 114 മിസൈല്‍ പ്രതിരോധ മിസൈലുകളും രണ്ട് മൈന്‍ ഹണ്ടിംഗ് കപ്പലുകളുമാണ് അമേരിക്ക തായ്‌വാന് കൈമാറാനിരിക്കുന്നത്. ഒബാമ ഭരണകൂടത്തിന്‍റെ ആദ്യ ആയുധ കൈമാറ്റമാണിത്. ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണ്ണമായി അവസാനിക്കുന്നതിന് മുന്‍പാണ് ആയുധ ഇടപാടിനെച്ചൊല്ലിയും യുഎസും ചൈനയും കൊമ്പുകോര്‍ക്കുന്നത്.