മെര്‍ലിന്‍ മണ്‍‌റോയുടെ കത്തിന് 23 ലക്ഷം!

തിങ്കള്‍, 25 ഏപ്രില്‍ 2011 (18:19 IST)
PRO
PRO
പ്രശസ്ത ഹോളിവുഡ് നടിയായിരുന്ന മെര്‍ലിന്‍ മണ്‍‌റോയുടെ കത്ത് ലേലത്തില്‍ പോയത് 52,460 ഡോളറിന് (ഏകദേശം 23 ലക്ഷം രൂപ). പതിനാറാം വയസ്സില്‍ മണ്‍‌റോ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വളര്‍ത്തമ്മക്കയച്ച എട്ടുപേജുള്ള കത്താണ് ലേലത്തില്‍ പോയത്. ജിം ഡൗഹേര്‍ട്ടിയുമായുള്ള മണ്‍‌റോയുടെ പതിനാറാം വയസ്സിലെ വൈവാഹിക ജീവിതമാണ് കത്തിലെ ഉള്ളടക്കം. അവര്‍ക്ക് സുന്ദരമായ ഒരു കൊച്ചു വീടുണ്ടെന്നും വീടിന്റെ ചിത്രങ്ങള്‍ വളര്‍ത്തമ്മക്ക് അയച്ചുതരാമെന്നും കത്തില്‍ പറയുന്നു.

പ്രമുഖരുടെ കത്തുകളും കൈയെഴുത്തുപ്രതികളും ശേഖരിക്കുന്ന ചാള്‍സ് വില്യംസണ്‍ന്റെ കൈയിലാണ് കത്തുണ്ടായിരുന്നത്. മാര്‍ലണ്‍ ബ്രാന്‍ഡോ, ചാര്‍ലി ചാപ്ലിന്‍, ഇയാന്‍ ഫ്ലമിംഗ്, ഏണസ്റ്റ് ഹെമിംഗ്‌വേ, ആല്‍ഫ്രഡ് ഹിച്ച്‌ഹോക്ക് തുടങ്ങിയ പ്രമുഖരുടേതായ രേഖകളും ലേലത്തിനായി വെച്ചിരുന്നു. അമേരിക്കയിലെ ലോസ് ഏഞ്ചല്‍‌സില്‍ വെച്ചായിരുന്നു ലേലം നടന്നത്. മണ്‍‌റോ തന്റെ ജീവിതത്തില്‍ എഴുതിയ ഏറ്റവും മഹത്തായ കത്താണിതെന്നാണ് വില്യംസണ്‍ന്റെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക