മെയ് 21-ന് ലോകം അവസാനിക്കും!

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2011 (10:29 IST)
PRO
PRO
ജപ്പാന്‍, ഹെയ്തി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുണ്ടായ ഭൂചലനങ്ങള്‍ ലോകം അവസാനിക്കാന്‍ പോകുന്നതിന് ദൈവം നല്‍കുന്ന സൂചനയാണത്രെ! 2011 മെയ് 21-ന് ലോകം അവസാനിക്കുകയും ചെയ്യും!

കാലിഫോര്‍ണിയയിലെ ഓക്‍ലാന്‍ഡില്‍ നിന്നുള്ള ഒരു മതപ്രഭാഷകനാണ് ഇങ്ങനെയൊരു വാദവുമായി രംഗത്തെത്തിരിക്കുന്നത്. 89-കാരനായ ഹാരോള്‍ഡ് കാമ്പിംഗാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മെയ് 21-ന് വൈകിട്ട് ആറ് മണിക്കാണ് ലോകാവസാനം. ലോക ജനസംഖ്യയുടെ രണ്ട് ശതമാനം ഉടന്‍ സ്വര്‍ഗത്തിലേക്ക് പോകും. ബാക്കി എല്ലാവരും നരകത്തില്‍ എത്തിച്ചേരും.

ഫാമിലി റേഡിയോ നെറ്റ്വര്‍ക്ക് വഴിയാണ് ഇയാള്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയത്.

70 വര്‍ഷമായി ബൈബിള്‍ പഠിച്ചുവരികയാണെന്നും അതിലൊളിഞ്ഞിരിക്കുന്ന പ്രവചനങ്ങള്‍ കണ്ടെത്തിയതായുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് എ ഡി 33 ഏപ്രില്‍ 1-നാണ് ഇയാള്‍ പറയുന്നു. അതുകഴിഞ്ഞുള്ള 722,500 ദിവസങ്ങള്‍ പുര്‍ത്തിയാവുന്നത് മെയ് 11-നാണ്. 722,500 എന്ന സംഖ്യയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു.

അഞ്ച്, പത്ത്, പതിനേഴ് എന്നീ അക്കങ്ങള്‍ പവിത്രതയുള്ളവയാണെന്നും അവ പലവട്ടം ഗുണിച്ച ശേഷം കിട്ടിയ ഉത്തരമാണ് 722,500 എന്നാണ് ഇയാളുടെ വാദം.

കാമ്പിംഗിന് ആദ്യമായല്ല ഇത്തരം വെളിപാടുകള്‍ ഉണ്ടാവുന്നത്. 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കും എന്ന് ഇയാള്‍ പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പിഴവ് പറ്റിയതായി കക്ഷിക്ക് പിന്നീട് മനസ്സിലായത്രേ. കാമ്പിംഗിന്റെ കണക്കുകള്‍ എവിടെച്ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയാം.