മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരമില്ലെന്ന് കാവല്‍ മന്ത്രിസഭ
ചൊവ്വ, 23 ഏപ്രില്‍ 2013 (09:23 IST)
PTI
PTI
അറസ്റ്റിലായ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അധികാരമില്ലെന്ന് രാജ്യത്തെ കാവല്‍ മന്ത്രിസഭ. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ തങ്ങള്‍ക്ക് അധികാരമില്ല. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് മാത്രമാണ് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നത്. മെയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തുന്ന മന്ത്രിസഭക്ക് രാജ്യദ്രോഹകുറ്റം ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കാവല്‍ മന്ത്രിസഭ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി അഭിപ്രായം തേടിയപ്പോഴായിരുന്നു ഈ മറുപടി. കാവല്‍ മന്ത്രിസഭയുടെ നിലപാടിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
മുഷറഫിനെ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി മെയ് നാലു വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഫാംഹൌസില്‍ വീട്ടുതടങ്കലില്‍ ആണ് അദ്ദേഹമിപ്പോള്‍. തീവ്രവാദക്കുറ്റവും ദേശതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കുറ്റവുമാണ് മുഷറഫിന് മേല്‍ കോടതി ചുമത്തിയിരിക്കുന്നത്.
2007 മാര്‍ച്ചില്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫ് അറസ്റ്റിലായത്. പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷറഫ് കോടതികളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനും ശ്രമിച്ചിരുന്നു. ഇത് അനുസരിക്കാത്ത ജഡ്ജിമാരെയാണ് അദ്ദേഹം തടങ്കലിലാക്കിയത്.