മുംബൈ: ചൈനീസ് മധ്യസ്ഥതയ്ക്ക് പാക്

Webdunia
വ്യാഴം, 22 ജനുവരി 2009 (15:07 IST)
മുംബൈ ഭീകരാക്രമണ വിഷയത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ചൈനയുടെ മധ്യസ്ഥത തേടുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചര്‍ച്ചകള്‍ക്കായി ചൈനയുടെ പ്രത്യേക ദൂതന്‍ ഹേ യാഫേയിയോട് ഡല്‍ഹിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ച നടത്താനായി ചൈനയ്ക്ക് “ബ്ലാങ്ക് ചെക്ക്” ആണ് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്നതെന്നും ഖുറേഷി ബുധനാഴ്ച രാത്രി ചൈനീസ് എംബസിയില്‍ നടന്ന ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞു.

പാകിസ്ഥാന്‍റെ എക്കാലത്തെയും സുഹൃത്തായ ചൈന ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചയില്‍ ചൈനയുടെ പക്ഷം എന്തുതന്നെയായാലും അംഗീകരിക്കും. ചൈനയുമായി പരസ്പരണ ധാരണയും ഉഭകക്ഷി-പ്രാദേശിക-അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ അഭിപ്രായ സമന്വയവും ഉണ്ടെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 29 ന് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഹേ യാഫേയി പാകിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനായി ചൈന നിരന്തരം ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ജനുവരി 5 ന് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രതിനിധി ഇന്തോ-പാക് സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.