ബ്രിട്ടൻ ഇന്ന് പോളിങ് ബൂത്തിൽ; പ്രതീക്ഷയോടെ ജെറിമി കോർബിനും തെരേസാ മേയും

വ്യാഴം, 8 ജൂണ്‍ 2017 (08:18 IST)
ബ്രിട്ടൻ ഇന്ന് പോളിങ് ബൂത്തിൽ. തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ നടുക്കം വിട്ടുമാറും മുൻപേയാണ് ഈ തിരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. തെരേസാ മേയുടെ കൺസർവറ്റിവ് പാർട്ടിയും പ്രതിപക്ഷ ലേബർ പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അവസാനത്തെ സർവേ അനുസരിച്ച് 1.2 ശതമാനം മാത്രമാണ് കൺസർവറ്റിവ് പാർട്ടിയുടെ ലീഡെന്നും റിപ്പോര്‍ട്ട് പറയുന്നു. 
 
യുറോപ്യൻ യൂണിയന്‍ വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കം കുറിച്ച തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ ആക്രമണങ്ങളും മറ്റും അവരുടെ ജനപിന്തുണ കുറച്ചതായാണു സൂചന. ജെറിമി കോർബിനാണ് ലേബർ പാർട്ടി നേതാവ്. ബ്രിട്ടനിൽ പ്രസിഡൻഷ്യൽ തിര‍ഞ്ഞെടുപ്പല്ലെങ്കിലും തെരേസാ മേയെ കരുത്തയായ നേതാവ് എന്നുയർത്തിക്കാട്ടിയാണ് കൺസർവറ്റിവ് പാര്‍ട്ടി പ്രചാരണം നടത്തിയത്.

വെബ്ദുനിയ വായിക്കുക