ഒസാമ ബിന്‍ ലാദനെ വധിച്ചതിനെപ്പറ്റി യു എസ് ഇന്നുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് പുതിയെ വെളിപ്പെടുത്തലുകള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സെയ്‌മൂര്‍ ഹെര്‍ഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2011ല്‍ അബോട്ടബാദില്‍ യു എസ് നേവി നടത്തിയ റെയ്‌ഡില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് വൈറ്റ് ഹൌസ് ഇതുവരെ പുറത്തുവിട്ട കാര്യങ്ങളെല്ലാം കള്ളമാണെന്നാണ് ഹെര്‍ഷ് പറയുന്നത്. യു എസ് നേവിക്കൊപ്പം പാകിസ്ഥാന്‍ സൈന്യത്തിനും ഐ എസ് ഐയ്ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നും ഹെര്‍ഷ് വ്യക്തമാക്കുന്നു.
2006 മുതല്‍ ലാദന്‍ പാക് തടവുകാരന്‍
പുതിയ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ഒസാമ 2006 മുതല്‍ ഐ എസ് ഐയുടെ തടവുകാരനായി അബോട്ടബാദില്‍ കഴിയുകയായിരുന്നു. പാകിസ്ഥാന്‍ ആര്‍മി ചീഫ് അഷ്‌ഫാഖ് പര്‍വേഷ് കയാനിയും ഐ എസ് ഐ ഡയറക്‌ടര്‍ ജനറല്‍ അഹ്‌മദ് ഷുജ പാഷയും അറിഞ്ഞു കൊണ്ടായിരുന്നു യു എസ് അബോട്ടബാദ് ആക്രമണത്തിന് പദ്ധതിയിട്ടത്.
ജോലിയില്‍ നിന്ന് വിരമിച്ച ഒരു മുതിര്‍ന്ന പാകിസ്ഥാനി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് അബോട്ടബാദില്‍ ബിന്‍ ലാദന്‍ ഉള്ളതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നെന്നും ഹെര്‍ഷ് പറയുന്നു. അബോട്ടബാദില്‍ ഒസാമ എവിടെയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ച് സി ഐ എയ്ക്ക് വിവരം നല്കിയത് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫിസര്‍ ആണ്.
ഇയാള്‍ക്ക് 25 മില്യണ്‍ യു എസ് ഡോളര്‍ പാരിതോഷികമായി നല്കുകയും ചെയ്‌തിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വാഷിംഗ്‌ടണില്‍ സി ഐ എയുടെ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുകയാണ്. നേരത്തെ ഒസാമയുടെ അടുത്ത പരിചാരകന്‍ അബു അഹമ്മദ് അല്‍കുവൈറ്റി എന്നയാള്‍ സുഹൃത്തുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയതെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.