പൌരാവകാശം: ചൈനയ്ക്കെതിരെ യുഎസ്

വ്യാഴം, 26 ഫെബ്രുവരി 2009 (12:17 IST)
പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചൈന പരാജയമാണെന്ന് അമേരിക്ക. യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചൈനയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉത്തര കൊറിയ, മ്യാന്‍മര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്നും ആരോപണമുണ്ട്.

ടിബറ്റില്‍ കടുത്ത നടപടികളാണ് കഴിഞ്ഞ വര്‍ഷം ചൈന സ്വീകരിച്ചത്. ടിബറ്റന്‍ ജനതയുടെ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കുകയും അവരുടെ മതസ്വാതന്ത്ര്യത്തില്‍ ചൈന കൈകടത്തുകയും ചെയ്തു എന്ന് അമേരിക്ക ആരോപിക്കുന്നു. 2008ല്‍ ലാസയിലും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നു.

സൈന്യത്തിന്‍റെ പിടിയിലാകുന്ന പ്രക്ഷോഭകരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കി. ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് ഇവരെ ജയിലില്‍ പാര്‍പ്പിച്ചത്. മിക്ക സമയങ്ങളിലും ഇവരെ കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ വിദേശകാര്യമന്ത്രി ഹിലാരി ക്ലിന്‍റണ്‍ കഴിഞ്ഞയാഴ്ചയാണ് ചൈന സന്ദര്‍ശിച്ചത്. ഹിലാരി മടങ്ങിയെത്തിയ ഉടനെയാണ് അമേരിക്ക റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

എന്നാല്‍ ചൈനീസ്‌ അധികൃതര്‍ അമേരിക്കയുടെ റിപ്പോര്‍ട്ടിനെ പുച്ഛിച്ചു തള്ളി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുനതില്‍ രാജ്യത്തിന്‍റെ ചരിത്രപരമായ നേട്ടം കാണാതെയാണ് അമേരിക്ക ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്ന്‌ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക