പുതുവര്‍ഷം ആഘോഷിച്ചത് ആയിരം കാറുകള്‍ കത്തിച്ച്

Webdunia
വെള്ളി, 3 ജനുവരി 2014 (14:49 IST)
PRO
ഫ്രാന്‍സില്‍ പ്രാദേശിക ഗുണ്ടാ സംഘങ്ങള്‍ കാറുകള്‍ കത്തിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. കേട്ടാല്‍ ഞെട്ടരുത് 1067 കാറുകളാണ് ഇവര്‍ അഗ്നിക്കിരയാക്കിയത്. എന്നാല്‍, ഈ പുതുവല്‍സര ദിനത്തില്‍ പത്തു ശതമാനത്തോളം അക്രമം കുറഞ്ഞതായി ആഭ്യന്തരകാര്യമന്ത്രി മാനുവല്‍ വാലസ് സൂചിപ്പിച്ചു‌.

പരസ്പരം പോരടിക്കുന്ന സംഘങ്ങള്‍ കാറുകള്‍ കത്തിച്ചതുമൂലം പ്രദേശവാസികള്‍ പുലരിയില്‍ ഇറങ്ങാന്‍ പോലും ഭയപ്പെട്ടു. ഫ്രാന്‍സിന്റെ പ്രാന്തപ്രദേശങ്ങളില്‍ പുതുവര്‍ഷമെന്നാല്‍ തീറ്റയും കുടിയും മാത്രമല്ല അടിപിടിയുമുണ്ട്. ഇതില്‍ പ്രബലരായ സംഘങ്ങളാണ് കാറുകള്‍ അഗ്നിക്കിരയാക്കുന്നത്.

കത്തുന്ന കാറുകളുടെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വിവിധ പ്രാദേശിക സംഘങ്ങള്‍ ഇതൊരു അഭിമാനപ്രശ്നമായി കരുതി കൂടുതല്‍ കാറുകള്‍ കത്തിക്കാന്‍ തുടങ്ങി. കുടിപ്പക വര്‍ധിച്ചപ്പോള്‍ എണ്ണം സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്തു.

രാജ്യമെങ്ങും ഏകദേശം 53,000 പൊലീസുകാര്‍ കാവല്‍ നിന്നിട്ടും ആഘോഷത്തിനിടെ ഉണ്ടായ അക്രമങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറെക്കാലത്തിനു ശേഷം ഈവര്‍ഷം മുതല്‍ വീണ്ടും കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ്‌ അക്രമം കുറഞ്ഞ കാര്യം മനസ്സിലായത്‌.