പീരങ്കിയിലെ ‘മനുഷ്യ ബുള്ളറ്റ്’ തലയിടിച്ച് മരിച്ചു

ബുധന്‍, 27 ഏപ്രില്‍ 2011 (12:43 IST)
PRO
പീരങ്കിയിലെ ‘മനുഷ്യ ബുള്ളറ്റ്’ ആയി കെന്‍റില്‍ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്ത യുവാവ് തറയില്‍ തലയിടിച്ചു മരിച്ചു. നിറയൊഴിച്ചതിനെ തുടര്‍ന്ന് പീരങ്കിയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞുപോയ 23കാരനായ യുവാവ് തറയില്‍ വീണ് തലയിടിച്ച് മരിക്കുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണ് അപകടത്തിന് കാരണം.

വെടിയുതിര്‍ത്തയുടന്‍ പീരങ്കിയില്‍ നിന്ന് ഇയാള്‍ അമ്പതടിയോളം ഉയരത്തില്‍ തെറിക്കുകയായിരുന്നു. ഭൂമിയില്‍ പതിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും സുരക്ഷാവല തകര്‍ന്ന് തറയില്‍ വീണ യുവാവിന്‍റെ തല ശക്തമായി തറയിലിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് അഭ്യാസപ്രകടനം ഉപേക്ഷിച്ചു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇതുപോലെയുള്ള അഭ്യാസപ്രകടനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

പീരങ്കിയിലെ മനുഷ്യബുള്ളറ്റുകളില്‍ ഏറ്റവും പ്രശസ്തന്‍ ഡേവിഡ് സ്മിത്ത് ജൂനിയറാണ്. പീരങ്കിയില്‍ നിന്ന് ഏറ്റവും ദൂരെ തെറിച്ചുവീണതിന്(59.05 മീറ്റര്‍) സ്മിത്തിന്‍റെ പേര് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക