പാക്: സര്‍ദാരി പിന്‍‌മാറണമെന്ന് ആവശ്യം

വെള്ളി, 29 ഓഗസ്റ്റ് 2008 (17:27 IST)
PTIPTI
പാകിസ്ഥാനില്‍ പി പി പി ഉപാധ്യക്ഷനും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ആസിഫ് അലി സര്‍ദാരി മത്സരത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് ആവശ്യം. സര്‍ദാരിക്ക് മനോരോഗമുണ്ടായിരുനു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

പി എം എല്‍ ക്യു സ്ഥാനാര്‍ത്ഥിയായ മുഷഹിദ് ഹുസൈന്‍ സയദാണ് ഈ ആവശ്യം ഉന്നയിച്ചത്. “ രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും താല്പര്യത്തെ കരുതി സര്‍ദാരി പിന്‍‌മാറുന്നതാണ് ഉചിതം. പ്രസിഡന്‍റ് പദവി എല്ലാ വിവാദങ്ങള്‍ക്കും അപ്പുറമായിരിക്കണം- പാര്‍ലമെന്‍റിന് പുറത്ത് വച്ച് സയദ് പറഞ്ഞു.

പാകിസ്ഥാനില്‍ സെപ്തംബര്‍ ആറിനാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം ആകും നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സര്‍ദാരി, പി എം എല്‍ എന്‍ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമായ സയദ് ഉസ് സമന്‍ സിദ്ദിഖി, മുഷഹിദ് ഹുസൈല്‍ സയ്അദ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

ശനിയാഴ്ച ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍‌വലിക്കേണ്ട അവസാന ദിവസം. ഒരാളുടെ മാനസിക നിലയെ കുറിച്ച് പറയാന്‍ താനില്ലെന്ന് പറഞ്ഞ സയദ്,സര്‍ദാരി രാഷ്ട്രീയ നേതാവായതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍‌മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതെന്ന് വ്യക്തമാക്കി. സേനയുടെ കടിഞ്ഞാണ്‍ പ്രസിഡന്‍റിന്‍റെ കയ്യിലാണ്. ആണവ കമാന്‍ഡിന്‍റെ മേധാവിത്വവും പ്രസിഡന്‍റിനാണ്. അതിനാല്‍, അദ്ദേഹത്തിന്‍റെ മാനസിക നിലയെ സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി മനസിലാക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സയദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക