പാക്: പി‌എം‌എല്‍ സ്ഥാനാര്‍ത്ഥിയെ വധിച്ചു

നവാസ് ഷരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ തിങ്കളാഴ്ച വെടിവച്ചു കൊന്നു. തോക്കു ധാരികളുടെ ആക്രമണത്തില്‍ ഒമ്പത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്ക് മത്സരിക്കുന്ന ചൌധരി അസിഫ് അഷ്‌റഫിനെയാണ് അജ്ഞാതര്‍ വെടിവച്ചു കൊന്നത്. നേതാവിന്‍റെ വധത്തെ തുടര്‍ന്ന് ലാഹോറില്‍ സ്ഥിതിഗതികള്‍ വഷളായി എങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷത്തിന് അയവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ലാഹോറിലെ ഗവാല്‍മ്മണ്ഡിയിലുള്ള പി‌എം‌എല്‍-എന്‍ പോളിംഗ് ഓഫീസിനു നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ വെടി വയ്പ് നടത്തി മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അസിഫ് അഷ്‌റഫിനെ വധിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.

മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ട അസിഫ് അഷ്‌റഫിന്‍റെ കുടുംബാംഗങ്ങളെ നവാസ് ഷരിഫ് സന്ദര്‍ശിച്ചു.

പാകിസ്ഥാനില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടക്കില്ല എന്ന് കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നായിരുന്നു പാകിസ്ഥാന്‍ മുസ്ലിം ലീഗിന്‍റെ ആദ്യ നിലപാട്. എന്നാല്‍, മുഷറഫ് അനുകൂലികള്‍ക്ക് മാത്രമായി തെരഞ്ഞെടുപ്പ് രംഗം ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന കാരണത്താലാണ് പിന്നീട് മത്സരിക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക