പാക് പള്ളിയില്‍ ചാവേര്‍ സ്ഫോടനം

വെള്ളി, 27 മാര്‍ച്ച് 2009 (17:05 IST)
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഒരു പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.

അതേസമയം, സ്ഫോടനത്തില്‍ 70 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഖൈബര്‍ മേഖലയിലുള്ള ഒരു പള്ളിയിലാണ് ആക്രമണമുണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ സഖ്യ സേനയ്ക്ക് അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന റോഡിനടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.

സ്ഫോടനത്തില്‍ പള്ളി പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 48 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സൂചന. പ്രാര്‍ഥന ആരംഭിച്ച ഉടന്‍ പള്ളിയിലുണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക