മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍, അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഒരു ലക്ഷം സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നു.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനോട് ശത്രുതാപരമായ സമീപനം നടത്തുകയാണെങ്കില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍, താലിബാന്‍, അല്‍-ക്വൊയ്ദ ഭീകരരോട് പൊരുതുന്ന സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പുനര്‍വിന്യസിക്കാനാണ് നീക്കം. ഇക്കാര്യം നാറ്റോ, യുഎസ് സഖ്യത്തെ അറിയിച്ചു കഴിഞ്ഞു എന്നും പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ്‌ഐ തലവന്‍ ലഫ്.ജനറല്‍ ഷൂജ പാഷയെ ഇന്ത്യയിലേക്ക് അയയ്ക്കാത്തതിനു കാരണം ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പാകിസ്ഥാന് നേര്‍ക്ക് പ്രകോപനപരമായി ആരോപണങ്ങള്‍ ഉന്നയിച്ചതാണെന്ന് സൂചനയുണ്ട്. പാകിസ്ഥാന്‍ ആദ്യം ഷൂജയെ അയയ്ക്കാമെന്ന് സമ്മതിച്ചു എങ്കിലും പിന്നീട് മറ്റൊരു പ്രതിനിധിയെ അയയ്ക്കാമെന്ന നിലപാടിലേക്ക് മാറിയിരുന്നു.
തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്ഥാന്‍ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജിയോ ടിവി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുംബൈയില്‍ 180ല്‍ അധികം ആളുകള്‍ മരിച്ച ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്കിനെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. ഇത്തരം നടപടികള്‍ പാകിസ്ഥാനുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞിരുന്നു. ഇന്ത്യയുടെ ആരോപണം ശക്തമായതിനെ തുടര്‍ന്ന് പാക് വിദേശകാര്യമന്ത്രി ഖുറേഷി ഇന്ത്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങുകയും ചെയ്തു.