പാകിസ്ഥാനില്‍ ഖനി അപകടം: 13 പേര്‍ മരിച്ചു

വ്യാഴം, 26 ജനുവരി 2012 (13:56 IST)
പാകിസ്ഥാനില്‍ ഖനി അപകടത്തില്‍ 13 പേര്‍ മരിച്ചു. അബോട്ടാബാദില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ തര്‍ണാവായി മേഖലയിലാണ്‌ സംഭവം. മരിച്ചവരില്‍ 11 തൊഴിലാളികളും ഖനി ഉടമകളും ഉള്‍പ്പെടുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 70 അടി താഴ്ചയുള്ള ഖനിയിലാണ്‌ അപകടമുണ്ടായത്‌.

അപകടം നടന്ന്‌ എട്ടു മണിക്കൂറിനു ശേഷമാണ്‌ രക്ഷാപ്രവര്‍ത്തകര്‍ക്കു സ്ഥലത്തെത്താനായത്‌. ഇതിനാലാണ് മരണ സംഖ്യ ഉയര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ പരിശീലനം ലഭിക്കാത്ത തൊഴിലാളികളാണ്‌ ഖനിയില്‍ പണിയെടുത്തിരുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു.

അതേസമയം, അപകടത്തില്‍ 14 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. സ്വകാര്യ ഖനിയിലാണ്‌ ദുരന്തമുണ്ടായിരിക്കുന്നതെന്നും സംഭവത്തേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക