നികുതി വെട്ടിപ്പ്: ബര്‍ലുസ്കോണിക്ക്‌ നാല് വര്‍ഷം തടവ്

Webdunia
ശനി, 27 ഒക്‌ടോബര്‍ 2012 (10:03 IST)
PRO
PRO
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിക്ക്‌ നാല് വര്‍ഷം തടവ് ശിക്ഷ. നികുതിവെട്ടിപ്പു കേസിലാണ് മിലാനിലെ കോടതി അദ്ദേഹത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക്‌ സര്‍ക്കാര്‍ പദവികളില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

എണ്‍പത് ലക്ഷം പൗണ്ട്‌ പിഴയും അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബര്‍ലുസ്കോണിയുടെ ഉടമസ്ഥതയിലുള്ള മീഡിയാസെറ്റ്‌ എന്ന ടിവി കമ്പനിയുമായി ബന്ധപ്പെട്ട്‌ വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

ലൈംഗികാരോപണങ്ങളിലും സാമ്പത്തിക കുറ്റങ്ങളിലും ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബര്‍ലുസ്‌കോണിയുടെ രാജിയിലേക്ക് നയിച്ചത്.

രാജിവാര്‍ത്തയെ ജനങ്ങള്‍ ആഘോഷത്തോടെയാണ് വരവേറ്റത്. ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ബര്‍ലുസ്‌കോണി.

അടുത്ത പേജില്‍
ബര്‍ലുസ്കോണിയുടെ നിശാവിനോദങ്ങള്‍

PRO
PRO
ബര്‍ലുസ്കോണി 2009 - 2010 കാലയളവില്‍ ഒട്ടേറെ സ്ത്രീകളുമായി ‘നിശാവിനോദ’ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കാലയളവില്‍ രണ്ടരക്കോടി ഡോളറാണ് ബര്‍ലുസ്കോണി ധൂര്‍ത്തടിച്ചത്.

ബര്‍ലുസ്കോണിയുമായി രാത്രി പങ്കിടാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനുമൊക്കെയായി യുവതികള്‍ കന്യാസ്‌ത്രീകളായും പൊലീസ്‌ ഉദ്യോഗസ്ഥരായുമൊക്കെ വേഷമണിഞ്ഞാണ് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാത്രികളില്‍ തന്നോടൊപ്പം സമയം ചെലവഴിക്കുന്ന ഓരോ സ്‌ത്രീയ്ക്കും എത്ര പണം കൊടുക്കണമെന്നുള്ളത് ബര്‍ലുസ്കോണി നേരിട്ട് നിര്‍ദ്ദേശം നല്‍കുമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ അക്കൗണ്ടന്‍റ് വെളിപ്പെടുത്തി. ഈ കാലയളവില്‍ രണ്ടരക്കോടി ഡോളറോളം ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ചതായും അക്കൌണ്ടന്‍റ് പറഞ്ഞു.

സ്ത്രീകളുമായി രാത്രി ചെലവഴിക്കാനും പാര്‍ട്ടികള്‍ക്കുമായി വമ്പന്‍ ബംഗ്ലാവുകളും വില്ലകളും ഏര്‍പ്പാടാക്കിയിരുന്നു.