നഷീദിന് അഭയം; ഇന്ത്യയ്ക്ക് മാലിയുടെ വിമര്‍ശനം

വ്യാഴം, 14 ഫെബ്രുവരി 2013 (18:02 IST)
PRO
PRO
മാലിദ്വീപ്‌ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദിന് ഇന്ത്യന്‍ എംബസിയില്‍ അഭയം നല്‍കിയതില്‍ മാലി സര്‍ക്കാരിന്റെ വിമര്‍ശനം. അതേസമയം, നഷീദിനെ ഉടന്‍ അറസ്റ്റ്‌ ചെയ്യില്ലെന്ന്‌ പ്രസിഡന്റിന്റെ ഓഫീസ്‌ അറിയിച്ചു. ബുധനാഴ്ച വൈകിട്ട്‌ നാലിന്‌ മുന്‍പ്‌ നഷീദിനെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്‌. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചതോടെ മാലി പൊലീസിന്റെ അറസ്റ്റ്‌ ശ്രമം വിജയിച്ചില്ല.

തുടര്‍ന്ന് നഷീദിനെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ സമയപരിധി കഴിഞ്ഞതോടെയാണ്‌ പ്രശ്നത്തില്‍ താല്‍ക്കാലിക പരിഹാരമായത്‌. ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ പുറത്തുവന്നാലും നഷീദിനെ അറസ്റ്റ്‌ ചെയ്യില്ലെന്നും സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചു. കേസ്‌ വീണ്ടും കോടതി പരിഗണിക്കുന്നതുവരെ അദ്ദേഹം സ്വതന്ത്രനാണ്‌.

പ്രസിഡന്റ്‌ പദവിയിലിരുന്ന കാലത്ത്‌ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസിലാണ് നഷീദിനെതിരേ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്. കേസില്‍ വിചാരണയ്ക്ക്‌ ഹാജരാകാന്‍ കോടതി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌ വാറണ്ട്‌.

ബുധനാഴ്ചയാണ്‌ നഷീദിനെതിരേ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. തുടര്‍ന്ന്‌ നഷീദ്‌ ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക