സ്വന്തം ചെലവില്‍ ബഹിരാകാശ യാത്ര നടത്തി റെക്കോര്‍ഡിട്ട ശതകോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ചൊവ്വയിലേക്ക് വിനോദയാത്ര നടത്താന്‍ പദ്ധതിയിടുന്നതായി സൂചനകള്‍ നല്‍കിയിരുന്നു. ദമ്പതികളെ ചൊവ്വയിലേക്ക് അയക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒരു ഭാര്യയും ഭര്‍ത്താവും 2018ല്‍ ആയിരിക്കും ചൊവ്വാ യാത്രയ്ക്ക് പുറപ്പെടുക.
പക്ഷേ ഇവര്‍ ചൊവ്വയില്‍ ഇറങ്ങില്ല. ചൊവ്വയ്ക്ക് സമീപത്ത് കൂടി യാത്ര ചെയ്ത് ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തും. 16 മാസക്കാലം നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ ചൊവ്വായാത്ര. യു എസ് ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഈ ദൌത്യത്തില്‍ പങ്കില്ല. ടിറ്റോയുടെ ‘ഇന്‍സ്പിരേഷന്‍ മാര്‍സ് ഫൗണ്ടേഷന്‍‘ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് റോക്കറ്റ് ആയിരിക്കും ദമ്പതികളെ കൊണ്ടുപോവുക. രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യാനുള്ള സൌകര്യങ്ങളാണ് ഇതില്‍ ഒരുക്കുന്നത്.
2001ല്‍ സ്വയം കാശ് മുടക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചയാളാണ് ടിറ്റോ. അതോടെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി എന്ന റെക്കോര്‍ഡിന് ടിറ്റോ ഉടമയായി.