തെക്ക് കിഴക്കന്‍ യമനിലെ മുഖല്ല നഗരത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മുപ്പത്തിയെട്ട് സൈനികര്‍ കൊല്ലപ്പെട്ടു. റമദാന്‍ വ്രതം അവസാനിപ്പിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സുരക്ഷാ പരിശോധന കേന്ദ്രങ്ങളുള്‍പ്പെടെ നാല് സ്ഥലങ്ങളിലാണ് ചാവേര്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുമുണ്ടായി. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയോടെ രൂപീകരിച്ച ഹദ്റാമി ഗ്രൂപ്പിലെ മുപ്പത്തിയെട്ട് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇബ്‍നു സീന ആശുപത്രിയിലേക്ക് മാറ്റി.
ആഭ്യന്തര യുദ്ധം തുടങ്ങിയതുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും യമനില്‍ നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ നടത്തിവരികയാണ്. സമീപകാലത്ത് സൌദി പിന്തുണയോടെ സൈന്യം നടത്തിയ ആക്രമണത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ തിരിച്ചടിയാണുണ്ടായത്. അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്ന മുഖല്ലയെന്ന പ്രദേശം തിരിച്ചുപിടിക്കാനും സൈന്യത്തിന് കഴിഞ്ഞിരുന്നു.