ലോകം അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ് അച്‌ഛന്‍. പക്ഷേ, അമ്മയുടെ അടുത്തു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്‌ഛന്‍ എടുത്ത് ഫുട്‌ബോള്‍ ഗ്രൌണ്ടിലേക്ക് പോയാല്‍ അത് അത്ര ഇഷ്‌ടമായെന്ന് വരില്ല. മറ്റാരുടെയും കാര്യമല്ല ലയണല്‍ മെസിയുടെ മകന്‍ തിയാഗോയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
സ്പാനിഷ് ലീഗില്‍ ഞായറാഴ്ച ബാഴ്സലോണ - റയോ വല്ലേക്കാനോ മത്സരത്തിനു മുമ്പായിരുന്നു ജൂനിയര്‍ മെസി തിയാഗോയുടെ കരച്ചില്‍ മേളം. മത്സരത്തിന് തൊട്ടുമുമ്പ് ടീം ഫോട്ടോയ്ക്ക് സഹതാരങ്ങള്‍ക്കൊപ്പം പോസ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു മെസി. പെട്ടെന്നാണ് മെസിക്ക് മകന്‍ തിയാഗോയെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കൂടെ കൂട്ടണമെന്ന് തോന്നിയത്.
ഈ സമയം മകന്‍ തിയാഗോ കാമുകി അന്റോണെല്ലോ റോക്കസോയുടെ കൈകളില്‍ പിടിച്ചു ഗ്രൗണ്ടിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മകനെ ഒപ്പം കൂട്ടണമെന്ന് ആഗ്രഹം തോന്നിയ ഉടന്‍ തന്നെ ഓടിച്ചെന്ന് മകനെ അന്റോണെല്ലോയുടെ കൈകളില്‍ നിന്ന് എടുത്തിങ്ങു പോന്നു. എന്നാല്‍, പെട്ടെന്ന് അമ്മയെ വിട്ടുപിരിഞ്ഞതിന്റെ ദു:ഖം തിയാഗോയ്ക്ക് താങ്ങാനായില്ല. എങ്കിലും അലറിവിളിച്ച തിയാഗോയുമായി ഓടിയെത്തിയ മെസി ഫോട്ടോയ്ക്ക് തിടുക്കത്തില്‍ പോസ് ചെയ്ത് തിയാഗോയെ തിരിച്ചേല്‍പ്പിച്ചു. മത്സരത്തില്‍ മെസി ഹാട്രിക് നേടി, ബാഴ്സലോണ ജയിക്കുകയും ചെയ്തു.