താലിബാന്‍ നേതൃനിരയില്‍ ഹക്കീമുള്ള ഇല്ലെന്ന് യുഎസ്

വെള്ളി, 30 ഏപ്രില്‍ 2010 (14:42 IST)
PRO
തെഹ്‌രിക്-ഇ-താലിബാന്‍ മേധാവി ഹക്കീമുള്ള മെഹ്‌സൂദ് ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ലെന്ന് യു എസ്. ഈ വര്‍ഷം ജനുവരിയ്ക്ക് ശേഷം ഹക്കീമുള്ള തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്‍റെ യാതൊരു തെളിവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പെന്‍റണ്‍ഗണ്‍ വക്താവ് ജെഫ് മോറല്‍ പറഞ്ഞു.

ഇതിനര്‍ത്ഥം ഹക്കീമുള്ള ജീവനോട് ഉണ്ടെന്നോ ഇല്ലെന്നോ അല്ലെന്നും ഹക്കീമുള്ളയ്ക്ക് ഇപ്പോള്‍ പാക് താലിബാന്‍ നേതൃത്വത്തില്‍ പങ്കില്ലെന്ന് മാത്രമാണെന്നും മോറല്‍ പറഞ്ഞു. ജനുവരിയില്‍ യു എസിന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു കരുതിയ ഹക്കീമുള്ള ജീവിച്ചിരിപ്പുണ്ടെന്ന് പാക് ചാരസംഘടനയായ ഐ എസ് ഐ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ജനുവരിയില്‍ തെക്കന്‍ വസീരിസ്താനിലുണ്ടായ യു എസ് ആക്രമണത്തില്‍ ഹക്കീമുള്ള കൊല്ലപ്പെട്ടെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അമേരിക്കയോ താലിബാനോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുന്‍മേധാവി ബെയ്ത്തുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റിലാണ് ഹക്കീമുള്ള പാക് താലിബാന്‍ മേധാവിയാകുന്നത്.

യുഎസ് മിസൈലാക്രമണത്തിലായിരുന്നു ബെയ്ത്തുള്ള മെഹ്‌സൂദിന്റെയും മരണം. ഹക്കീമുള്ള മരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഗണ്യമായി ഇടിഞ്ഞിട്ടുണ്ടെന്ന് ഐ എസ് ഐയും അടുത്തിടെ വിലയിരുത്തിയിരുന്നു‍.

വെബ്ദുനിയ വായിക്കുക