താലിബാനെ ഒതുക്കാന്‍ പാക്

വെള്ളി, 2 നവം‌ബര്‍ 2007 (17:11 IST)
സ്വാത് താഴ്വരയില്‍ താലിബാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക പുരോഹിതനേയും സംഘത്തേയും നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ 4000 സൈനികരെ അങ്ങോട്ടയച്ചു. പ്രാദേശിക നിയമങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന ഈ സംഘം ഇന്നലെ നടത്തിയ ആക്രമണത്തില്‍ നാല് പാക് സുരക്ഷ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മൌലാന ഫസ്‌ലുള്ള എന്ന ഈ പുരോഹിതന്‍റെ നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാന്‍ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞെന്ന് പാക് സേനാ വക്താവ് മേജര്‍ ജനറല്‍ വഹീദ് അര്‍ഷാദ് പറഞ്ഞു. എഫ് എം മൌലാന എന്ന് പേരിലും അറിയപ്പെടുന്ന ഇയാള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഫ് എം റേഡിയോ സ്റ്റേഷന്‍ വഴി മതപ്രഭാഷണം നടത്തുന്നുണ്ട്.

ആയിരക്കണക്കിന് അനുയായികളുള്ള ‘തന്‍സീം നിഫാസ് ഇ ശരിയത്ത് മുഹമദി’ എന്ന സംഘടനയുടെ നേതാവാണ് ഫസ്‌ലുള്ള. പെഷവാര്‍ പ്രവശ്യാ ആസ്ഥാനത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള ഫൈസുള്ളയുടെ മദ്രസ്സയിലേക്ക് പാക് സൈന്യം നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. പോരാട്ടത്തിനുള്ള സാദ്ധ്യത തെളിഞ്ഞതോടെ ജനങ്ങള്‍ ഇവിടം വിട്ടു പോവാന്‍ തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക