പാകിസ്ഥാനില്‍ യുഎസ് വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര വസീറിസ്ഥാനിലെ ഗോത്ര മേഖല ലക്‍ഷ്യമാക്കി ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ ആസ്ഥാനമായ ദത്തഖേല്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്.
മൂന്നുതവണയായി നടത്തിയ ആക്രമണത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരുന്ന വീടും ഒരു വാഹനവും തകര്‍ന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരുക്കേറ്റുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
അഫ്ഗാനിലെ നാറ്റോ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്ന ഹഖാനി ശൃംഖലയില്‍പ്പെട്ട തീവ്രവാദികളെ ലക്‍ഷ്യമിട്ടായിരുന്നു ആക്രമണം. രാജ്യത്തെ ഗോത്ര മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നിര്‍ത്തി വയ്ക്കണമെന്ന് പാകിസ്ഥാന്‍ നിരന്തരം യുഎസിനോട് ആവശ്യപ്പെടുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ കഴിഞ്ഞ മാസം പാക് താലിബാന്‍ ബന്ധമുള്ള ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് സി ഐ എ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് പാക് ഗോത്ര മേഖലകള്‍ ലക്‍ഷ്യമാക്കി അമേരിക്ക വീണ്ടും ആക്രമണങ്ങള്‍ തുടങ്ങിയത്. പാക് ഗോത്ര മേഖലകളില്‍ നിന്നുള്ള തീവ്രവാദികളാണ് അഫ്ഗാനില്‍ ആക്രമണം നടത്തുന്നതെന്നാണ് യുഎസിന്‍റെ ആരോപണം.