ഡ്രൈവറെ തല്ലി, ബീബറിനെതിരെ കേസ്

വ്യാഴം, 30 ജനുവരി 2014 (11:36 IST)
PRO
പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്തു. കനേഡിയന്‍ പൊലീസാണ് ബീബറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ടൊറാണ്ടോയിലെ ആഡംബര കാറായ ലിമോസിന്റെ ഡ്രൈവറെ ആക്രമിച്ചു എന്ന കുറ്റത്തിനാണ് ബീബറിനെതിരെ കനേഡിയന്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്നത് ഡിസംബര്‍ 30നാണ്.

ഇതേ ദിവസം നൈറ്റ് ക്ലബില്‍ പാര്‍ട്ടി കഴിഞ്ഞ് ബീബറടക്കം ആറുപേര്‍ ആഡംബര കാറില്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയില്‍ ബീബര്‍ കാറിന്റെ ഡ്രൈവറെ പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു. തലയുടെ പുറകില്‍ നിരവധി തവണ മര്‍ദ്ദിക്കുകയും മോശമായ വാക്കുകള്‍ പ്രയോഗിക്കുകയുമായിരുന്നു.

തീര്‍ത്തും മദ്യലഹരിയിലായിരുന്ന ബീബറും സംഘാങ്ങളും കാറില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ബീബറിന്റെ വക്കീല്‍ ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. ബീബര്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വക്കീല്‍ പറയുന്നത്.

എന്തായാലും കോടതി കേസ് മാര്‍ച്ച് 10ന് പരിഗണിക്കും. ബീബറിനോട് 10ന് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക