ഡയാന രാജകുമാരിയുടെ മരണം അന്വേഷിക്കാന്‍ യാര്‍ഡ് ഒരുങ്ങുന്നു

തിങ്കള്‍, 19 ഓഗസ്റ്റ് 2013 (12:31 IST)
PRO
പതിനാറാം ചരമവാര്‍ഷികത്തിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ഡയാനാ രാജകുമാരിയുടെ മരണം കൊലപാതകമാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ ആധികാരികത അന്വേഷിക്കാന്‍ സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡ്‌ തയാറെടുക്കുന്നു.

രാജകുമാരിയുടെ മരണം സംബന്ധിച്ച്‌ കേസിന്റെ പുനരന്വേഷണമല്ല നടക്കാന്‍ പോകുന്നതെന്നു സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡ്‌ മേധാവി സര്‍ ബെര്‍നാഡ്‌ ഹോഗന്‍ ഹോവ്‌ അറിയിച്ചു.

സ്‌പെഷലിസ്‌റ്റ്‌ ക്രൈം ആന്‍ഡ്‌ ഓപ്പറേഷന്‍സ്‌ കമാന്‍ഡ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 1997 ഓഗസ്‌റ്റ്‌ 31 ന്‌ പാരീസിലുണ്ടായ കാര്‍ അപകടത്തിലാണ്‌ ഡയാനാ രാജകുമാരിയും കാമുകന്‍ ഡോഡി അല്‍ഫയാദും ഡ്രൈവര്‍ ഹെന്‍ട്രി പോളും കൊല്ലപ്പെട്ടത്‌.

അനധികൃതമായി ആയുധം കൈവശം വച്ചകുറ്റത്തിനു കോര്‍ട്ട്‌മാര്‍ഷല്‍ ചെയ്യപ്പെട്ട ബ്രിട്ടീഷ്‌ സൈനികന്റെ മുന്‍ഭാര്യയുടെ മാതാപിതാക്കളാണ്‌ പുതിയ ആരോപണവുമായി രംഗത്തെത്തിയത്‌.

താന്‍ ജോലിചെയ്യുന്ന സൈനിക വിഭാഗമാണ്‌ ഡയാനാ രാജകുമാരിയുടെ മരണത്തിനിടയായ അപകടം സംവിധാനം ചെയ്‌തതെന്നു സൈനികന്‍ തങ്ങളുടെ മകളോട്‌ വെളിപ്പെടുത്തിയെന്നു യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡ്‌, സൈനികന്റെ മുന്‍ഭാര്യയുമായി കൂടിക്കാഴ്‌ച നടത്തിയയെന്നാണു സൂചന.

വെബ്ദുനിയ വായിക്കുക