ടൈഗര്‍ ഹനീഫിനെ ഇന്ത്യയ്ക്ക് കൈമാറും

വ്യാഴം, 3 മെയ് 2012 (14:18 IST)
PRO
PRO
ഗുജറാത്തിലുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന ടൈഗര്‍ ഹനീഫിനെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറും. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ ടൈഗര്‍ ഹനീഫിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

1993-ല്‍ ട്രെയിനിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. സൂറത്തിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന് ഒരു കുട്ടി കൊല്ലപ്പെട്ട കേസിലും ഇയാള്‍ പ്രതിയാണ്. മൊഹമ്മദ് ഹനീഫ് ഒമര്‍ജി പട്ടേല്‍ എന്നാണ് 51-കാരനായ ടൈഗര്‍ ഹനീഫിന്റെ യഥാര്‍ത്ഥ പേര്. ദാവൂദിന് വേണ്ടി പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും മറ്റും ഗുജറാത്തിലേക്ക് കടത്തുന്നതിന് നേതൃത്വം നല്‍കി വന്നത് ഇയാളായിരുന്നു.

2010 ഫെബ്രുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ ഒരു കടയില്‍ ജോലിക്കാരനായി കഴിയുകയായിരുന്ന ഹനീഫിനെ സ്കോട്ട്ലാന്റ്യാര്‍ഡാണ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്താല്‍ ഭീകരസംഘടനയായ ലഷ്കറെ തയ്ബയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭ്യമാകും എന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.

വെബ്ദുനിയ വായിക്കുക