ടീം ഇന്ത്യയുടെ ഇനിയുള്ള എല്ലാ മത്സരങ്ങളും താന്‍ കാണും; മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി മല്യ

ചൊവ്വ, 6 ജൂണ്‍ 2017 (11:46 IST)
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും വിജയ് മല്യ രംഗത്ത്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം കാണാനെത്തിയ തന്റെ വാർത്ത വലിയ രീതിയില്‍ ആഘോഷിച്ചതാണ് രാജ്യം പിടികിട്ടാപ്പുള്ളിയായി വിധിയെഴുതിയ മല്യയെ ചൊടിപ്പിക്കാന്‍ കാരണമായത്. രാജ്യത്തെ വിവിധ ബാങ്കുകളിൽനിന്നും 9000 കോടിയോളം രൂപ വായ്പയെടുത്തായിരുന്നു മല്യ രാജ്യം വിട്ടത്.
 
ഇന്ത്യ–പാക്ക് മൽസരം കാണാനെത്തിയ എന്റെ സാന്നിധ്യം വളരെ ഉദ്വേഗജനകമായാണു മാധ്യമങ്ങൾ നൽകിയത്. എന്നാല്‍ ഒരു കാര്യം കൂടി പറയാം, എല്ലാ മൽസരങ്ങളിലും ടീം ഇന്ത്യയെ പ്രോൽസാഹിപ്പിക്കാൻ ഞാനെത്തുമെന്നും മല്യ തന്റെ ട്വിറ്ററിലൂ‍ടെ വ്യക്തമാക്കി. ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണു കോഹ്‍ലിയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
 
ഇന്ത്യ–പാക്ക് മൽസരത്തിനിടെ വെളുത്ത കോട്ടണിഞ്ഞ് സ്‌റ്റേഡിയത്തിലെത്തിയ വിജയ് മല്യയായിരുന്നു ഇന്ത്യൻ മാധ്യമങ്ങളുടെ പ്രധാന ‘താരം’. വായ്പയെടുത്തു രാജ്യം വിട്ട മല്യ ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. മുൻപ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ തന്നെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ലണ്ടനിൽ സുഖവാസം നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക