ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ജനസംഖ്യ കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ റഷ്യയില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് റഷ്യ. കഴിഞ്ഞ പത്ത് വര്‍ഷമായി റഷ്യയിലെ ജനസംഖ്യാ നിരക്ക് ക്രമാതീതമായി കുറഞ്ഞുവരികയാണ്. വിവാഹം, കുടുംബം എന്നീ ‘പരിപാടി’കളില്‍ അത്ര വലിയ വിശ്വാസമില്ലാത്തതാണ് ജനസംഖ്യ കുറഞ്ഞുവരുന്നതിന് ഒരു കാരണമായി പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വന്‍തുക നീക്കിവയ്ക്കണം എന്ന ദുഃഖസത്യവും ജനസംഖ്യ കുറയുന്നതിന് ആക്കം കൂട്ടുന്നുണ്ട്. എന്തായാലും, രാജ്യത്ത് ജനസംഖ്യാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ 5,300 കോടി ഡോളര്‍ ചെലവിടുമെന്നാണ് റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബറിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും മുന്നോടിയായി തന്റെ സാമ്പത്തികനയങ്ങളുടെ രൂപരേഖ പ്രഖ്യാപിക്കുമ്പോഴാണ് രാജ്യത്ത് ജനസംഖ്യാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന കാര്യം പുടിന്‍ പറഞ്ഞത്. താന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍, പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് പുടിനു വേണ്ടി വഴിമാറുമോ എന്ന കാര്യം വ്യക്തമല്ല. പാശ്ചാത്യരാജ്യങ്ങളോടു തുറന്ന മനസ്സുള്ള മെദ്‌വദേവിനെതിരേ ഒളിയമ്പെറിയാനും പുടിന്‍ മറന്നില്ല. ഉദാരവല്‍ക്കരണത്തേക്കാളും രാജ്യത്തു രാഷ്ട്രീയ സ്ഥിരതയ്ക്കാണു താന്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.