ഖുറാന്‍ കത്തിച്ച സംഭവം: ഒബാമ മാപ്പുപറഞ്ഞു

വെള്ളി, 24 ഫെബ്രുവരി 2012 (01:43 IST)
അഫ്ഗാനിസ്ഥാനില്‍ നാറ്റോ ഓഫീസില്‍ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ യു എസ് പ്രസിഡന്റ്‌ ബറാക്‌ ഒബാമ മാപ്പു പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിക്കയച്ച കത്തിലാണ്‌ നാറ്റോ സൈനികരുടെ നടപടിയില്‍ കര്‍സായിയോടും അഫ്ഗാന്‍ ജനതയോടും മാപ്പു ചോദിക്കുന്നുവെന്ന്‌ ഒബാമ അറിയിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഒബാമ ഉറപ്പു നല്‍കി.

ഖുറാന്‍ കത്തിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ കഴിഞ്ഞ ദിവസം അഫ്ഗാനില്‍ ഏഴു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ യുഎസ്‌ ഭരണകൂടവും അഫ്ഗാനിലെ നാറ്റോ സേനാ തലവനും ക്ഷമാപണം നടത്തിയെങ്കിലും പ്രതിഷേധം പൂര്‍ണമായും ശമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഒബാമ തന്നെ നേരിട്ട്‌ ക്ഷമാപണം നടത്തിയത്‌.

അഫ്ഗാനിലെ ബാഗ്രാം വ്യോമസേനാ താവളത്തില്‍ നിന്ന്‌ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ അഫ്ഗാന്‍ തൊഴിലാളികളാണ്‌ ഖുറാന്‍ പകര്‍പ്പുകള്‍ അഗ്നിക്കിരയാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചൊവ്വാഴ്ച മുതല്‍ അഫ്ഗാനില്‍ നാറ്റോ സേനക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക